പൗരർ അകപ്പെടുന്ന ഗതികെട്ടതും ജനവിരുദ്ധവും നിർദയവും അനീതി
നടമാടുന്നതുമായ വ്യവസ്ഥിതിക്കെതിരെ ഡിജിറ്റൽ കുറ്റപത്രം എന്ന നിലയിൽ പ്രശസ്ത ബ്രിട്ടീഷ് ചലച്ചിത്രകാരൻ കെൻലോച്ച് ഒരുക്കിയ ഐ, ഡാനിയൽ ബ്ലെയ്ക് എന്ന സിനിമയിൽ ഇക്കാലത്തെ ദേശ,ഭാഷ,വംശാതീതമായ പൗരാനുഭവമുണ്ട്.എങ്ങനെ പൗരർ സ്വന്തം നാട്ടിൽ പുതിയ കാലത്ത് ഔട്ട്സൈഡറാക്കപെടുന്നു, എന്ന് ഓരോ മനുഷ്യനും കണ്ണാടിയിലെന്ന പോലെ കാണാൻ കഴിയുന്ന ഈ സിനിമയ്ക്കായിരുന്നു 2016 ൽ കാനിൽ പാം ഡിയർ ലഭിച്ചത്.വ്യവസ്ഥിതിയുമായി കലഹിക്കുന്ന സിനിമകളാണ് ‘കെൻലോച്ചിൻറേത്.
ഡാനിയൽ ബ്ലെയ്ക് ഓരോ പൗരന്റെയും പ്രതിനിധാനമാണ്.ഓരോ പൗരനിലുമുണ്ട് കൂടിയും കുറഞ്ഞും ഡാനിയൽ ബ്ലെയ്ക് എന്ന യാഥാർത്ഥ്യം.കേവലം ഒരു സിനിമാകഥാപാത്രത്തിനപ്പുറം ഡാനിയൽ ബ്ലെയ്ക് സാമൂഹിക യാഥാർത്ഥ്യത്തിൽ പരാവർത്തനം ചെയ്യപ്പെടുന്നു.
നാം നമ്മുടെ ജീവിതത്തിന്റെ കണ്ണാടിയിൽ കാണുന്ന പ്രതിരൂപമാണ് ഡാനിയൽ ബ്ലെയ്ക്.
നിശ്ചിതപ്രായം കഴിഞ്ഞാലോ എന്തെങ്കിലും രോഗം പിടിപെട്ടാലോ അതുവരെ ജീവിക്കാൻ ചെയ്തിരുന്ന ജോലി തുടരാൻ സാധിക്കണമെന്നില്ല.59 കാരനായ ഡാനിയൽ ഹൃദ്രോഗിയാണ്.ഉപജീവനമാർഗമായി ചെയ്തുവന്നിരുന്ന മരപ്പണി ഇനിമുതൽ ചെയ്യരുതെന്ന ഡോക്ടറുടെ വിദഗ്ധോപദേശത്തിന്റെ പാശ്ചാത്തലത്തിൽ, ഒറ്റയ്ക്ക് ജീവിച്ചുവരുന്ന ഡാനിയൽ തുടർന്നു ജീവിക്കുന്നതിന് തനിക്കർഹതപ്പെട്ട എംപ്ലോയ്മെന്റ് ആന്റ് സപ്പോർട്ട് അലവൻസ് നേടിയെടുക്കാൻ ബന്ധപ്പെട്ട സർക്കാർ ഓഫീസുകളെ സമീപിക്കുന്നു.റിട്ടയർമെൻറിന് പ്രായമായിട്ടില്ല എന്നതിനാൽ തൊഴിലന്വേഷകന്റെ അലവൻസിന് അപേക്ഷിക്കൂ എന്നാണ് ഡാനിയലിന് അധികാരസ്ഥാനങ്ങളിൽ നിന്ന് കേൾക്കേണ്ടി വന്നത്.ഡാനിയലിന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ചുള്ള ഡോക്ടറുടെ വിദഗ്ധാഭിപ്രായം പരിഗണിക്കാതെ വളരെ നിർദയവും ക്രൂരവുമായി ബ്യൂറോക്രസി പെരുമാറുന്നു.ഇതുവരെ നിലനിന്നിരുന്ന പൗരാഭിമുഖ്യമുള്ള വ്യവസ്ഥിതിയല്ല ഇപ്പോൾ നിലനിൽക്കുന്നത് എന്ന് അനുഭവത്തിൽ നിന്ന് തിരിച്ചറിയുന്നു.അർഹമായ ആനുകൂല്യം എങ്ങനെ കൊടുക്കാതിരിക്കാം എന്ന ഒഴികഴിവ് തേടുകയാണ് അധികാരം.
പലവിധത്തിലുള്ള റിയലിസത്തെ കണ്ടു ശീലിച്ച ജീവിതം ഡിജിറ്റൽ റിയലിസം എന്ന പുതിയ കാലത്തെ യാഥാർത്ഥ്യത്തെ സിനിമയിൽ അവതരിപ്പിക്കുന്നു.അപ്പോൾ നാം ജീവിക്കുന്ന കാലവും ജീവിതവും മുന്നിൽ വരുന്നു.ഡാനിയലിന്റെ ജീവിതം ലോകത്തെ മുഴുവൻ രാജ്യങ്ങളിലെയും പൗരന്മാരുടെ ആത്മകഥയാവുന്നു.സ്വന്തം രാജ്യത്ത് അഭയാർത്ഥികളായി മാറുന്ന,ബന്ദികളായി മാറുന്ന സ്വന്തം അധ്വാനത്തിന്റെ ഫലം കറുപ്പാണോ വെളുപ്പാണോ എന്ന് തെളിയിക്കുന്നതിന് ക്യുവിൽ അനിശ്ചിതമായി നിൽക്കാൻ വിധിക്കപ്പെടുന്ന പൗരജീവിതം സിനിമ കാണുന്നവരുടേതുമാണല്ലോ.ആ ജീവിതത്തിന്റെ ഇംഗ്ലീഷ് പതിപ്പാണ് ഡാനിയൽ ബ്ലെയ്ക്.സിനിമ കാണുന്ന ഓരോ പ്രേക്ഷകനും അനുഭവപ്പെടുന്നു ഞാൻ തന്നെയാണ് ഡാനിയൽ ബ്ലെയ്ക് I
, Daniel Blake എന്ന ടൈറ്റിൽ അങ്ങനെ വളരെ സംഗതമായി.ഡാനിയൻ ബ്ലെയ്ക് എന്ന പേര് ഓരോ സിനിമാപ്രേക്ഷകന്റെയും പര്യായമാവുന്നു.മറ്റൊരാളാകേണ്ട പ്രശ്നം പോലും വരുന്നില്ല.സ്വന്തം ജീവിതം തന്നെയാണ് സ്ക്രീനിൽ കാണുന്നത്.സ്വന്തം നാട്ടിലെ പൗരന്മാരോട് രണ്ടാം കിട പൗരന്മാരോടെന്ന പോലെ, അഭയാർത്ഥികളോടെന്ന പോലെ അങ്ങേയറ്റം പുച്ഛത്തോടെയാണ് പെരുമാറുന്നത്.രാഷ്ടത്തിനുവേണ്ടി ത്യാഗികളാവൂ എന്ന പുതിയ ആഹ്വാനം ഭരണകൂടങ്ങൾ പരിശീലിച്ചു തുടങ്ങിയിട്ടുണ്ട്.ത്യാഗം, സഹനം എന്നിവ പൗരന്മാരുടെ മാത്രം ഉത്തരവാദിത്തമാവുന്നു.
