കർഷകരും സ്ത്രീകളും
ഈ രാജ്യത്തിന്റെ പൊതുസ്വത്താണ് നമ്മുടെ കർഷകർ. ഇന്ത്യയിലെ 130 കോടി ജനങ്ങളെ തീറ്റിപ്പോറ്റുന്നത് അവരുടെ അദ്ധ്വാനത്തിന്റെ ഫലമാണ്. എന്നാൽ, കേന്ദ്ര ഗവൺമെന്റ് പാസ്സാക്കിയ പുതിയ കാർഷിക നിയമം മൂലം 100 ദിവസത്തിൽ അധികമായി ഡെൽഹിയിലെ തെരുവീഥികളിൽ അതിശൈത്യത്തെയും അവഗണിച്ച് കർഷകർ പ്രക്ഷോഭത്തിന്റെ പാതയിലാണ്.
കോടിക്കണക്കിന്നു കർഷകർക്ക് വേണ്ടാത്ത പുതിയ കാർഷിക നിയമം അവരുടെമേൽ കെട്ടിവെക്കാനുള്ള ശ്രമത്തിലൂടെ കോർപറേറ്റുകളുടെ താല്പര്യം സംരക്ഷിക്കുന്നതിനുള്ള കൊണ്ടുപിടിച്ച ശ്രമമാണ് നടന്നുകൊണ്ടിരിക്കുന്നത്. കാർഷിക നിയമം പെട്ടെന്ന് കേൾക്കുമ്പോൾ നല്ല സുഖകരമായി തോന്നാം പക്ഷേ, കർഷകർക്ക് അവരുടെ ഉല്പന്നങ്ങൾ ഇന്ത്യയിൽ എവിടെ വേണമെങ്കിലും വിറ്റഴിക്കാം എന്നതാണ് ഇതിലൂടെ മുന്നോട്ട് വയ്ക്കുന്ന വലിയ വാദം. എന്നാൽ, കർഷകർക്ക് അവന്റെ ഉല്പ്പന്നങ്ങൾ സൂക്ഷിച്ചു വയ്ക്കാനുള്ള സംവിധാനം ഇല്ലാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഈ നിയമം മൂലം, മണ്ഡി സമ്പ്രദായം നിലച്ചുപോയാൽ ഭക്ഷ്യ ധാന്യങ്ങൾ സൂക്ഷിക്കാനും വിറ്റഴിക്കാനുമുള്ള സംവിധാനം കോർപ്പറേറ്റുകളിൽ മാത്രം നിക്ഷിപ്തമാകും. അതുവഴി ഇന്ത്യയിലെ കാർഷികസമ്പ്രദായം അപ്പാടെ കോർപ്പറേറ്റുകൾക്ക് അടിയറവ് വയ്ക്കുന്ന സ്ഥിതിയാകും ഉണ്ടാവുക. അതുകൊണ്ട് കർഷക പ്രക്ഷോഭം വിജയിക്കേണ്ടത് കർഷകരുടെ മാത്രം ആവശ്യമല്ല, അത് ഓരോ ഇന്ത്യക്കാരന്റെയും ആവശ്യമാണെണെ ബോധ്യം ഉണ്ടാവണം.
മറ്റൊരു ലോകവനിതാദിനം കൂടി സംജാതമാവുകയാണ്. സ്ത്രീകളുടെ ആത്മാഭിമാനവും അന്തസ്സും ഉയർത്തിപ്പിടിക്കുന്നതിനോടൊപ്പം, അവരെ സ്വയം പര്യാപ്തരാക്കേണ്ടത് സമൂഹത്തിന്റെ തന്നെ ബാധ്യതയാണ്.
ഇന്ത്യയിലെ സ്ത്രീകൾ പല അനാചാരങ്ങൾക്കും ഉച്ഛനീചത്വങ്ങൾക്കും വിധേയരായി കഴിയേണ്ടി വന്നിട്ടുള്ളവരാണ്. ഇന്ത്യയിലെ പല പ്രദേശങ്ങളിലും ഇത്തരത്തിലുള്ള പല കേസ്സുകളും ഇപ്പോഴും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. സ്ത്രീകളുടെ മുന്നേറ്റത്തിന് പലപ്പോഴും തടസമായി നിൽക്കുന്നത് മതവും ജാതിയുമാണ്. സതി, ആർത്തവ അശുദ്ധി, തുടങ്ങിയ പല അനാചാരങ്ങളും സ്ത്രീകൾ മുഖ്യധാരയിൽ നിന്ന് പിന്നോട്ട് വലിക്കാൻ ഇടയാക്കിയിട്ടുണ്ട്.
ഇന്ത്യയിലെ മറ്റ് ഇടങ്ങളെ അപേക്ഷിച്ച് കേരളത്തിലെ സ്ത്രീകൾക്ക് മുഖ്യധാരയിലേക്ക് കടന്നുവരാൻ ഇടയാക്കിയത് വിദ്യാഭ്യാസ രംഗത്ത് നേടിയ പുരോഗതിയാണ്. തദ്ദേശസ്ഥാപനങ്ങളിൽ 50% സംവരണം ഏർപ്പെടുത്തിയതും കുടുംബശ്രീ പ്രവർത്തനങ്ങളും സ്ത്രീകളെ മുഖ്യധാരയിലേക്ക് ഉയർത്തിയിട്ടുണ്ട്.
‘പ്രകാശം പരത്തുന്ന പെൺകുട്ടി ‘ എന്ന കഥയുടെ അവസാനം “മനുഷ്യന്റെ ജീവിതത്തിൽ യുക്തിക്ക് വിശദീകരിക്കാൻ കഴിയാത്ത പലതും സംഭവിക്കാറുണ്ടല്ലോ. പ്രകാശം പരത്തുന്ന ആ പെൺകുട്ടിയെ വീണ്ടും കണ്ടുമുട്ടാതിരിയ്ക്കില്ല. ഒരു പക്ഷേ, നാനൂറോ അഞ്ഞൂറോ കൊല്ലങ്ങൾക്കോ ശേഷമായിരിക്കാം.” പ്രകാശം പരത്തുന്ന പെൺകുട്ടി എന്നതിൽ നിന്ന് പ്രകാശം പരത്തുന്ന പെൺകുട്ടികളാൽ സമ്പന്നമാകട്ടെ നമ്മുടെ ലോകം !