നിലനിൽക്കുന്ന വ്യവസ്തയിൽ നിന്നും സമൂഹം മുന്നോട്ട് സഞ്ചരിക്കുമ്പോൾ പിന്നോട്ട് വലിക്കുന്നതും, അതിപിന്നോക്ക അവസ്ഥയിലേക്ക് സമൂഹത്തെ തള്ളിവിടാൻ ശ്രമിക്കുന്നത് ഉത്തരാധുനിക മനുഷ്യർ എന്ന് മേനിനടിക്കുന്ന നമുക്കു ചേർന്നതാണോ? സമൂഹം ഇന്നത്തെ നിലയിലേക്ക് എങ്ങനെയാണ് ഉയർന്നത്. മതത്തിൻ്റെ തിട്ടൂരങ്ങൾ പഴയകാല കീഴ്‌വഴക്കങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയാണോ? നിലനിന്നിരുന്ന സാമൂഹിക വ്യവസ്ഥയ്ക്ക് കീഴ്പെട്ടോ അല്ല ഇന്ന് കാണുന്ന സാമൂഹിക മുന്നേറ്റം സാധ്യമാക്കിയത്. സമൂഹം അതാതു കാലത്തെ സാമൂഹിക തിന്മകളോട് പൊരുതിയാണ് ഇന്നത്തെ സാമൂഹിക അവസ്ഥയിലേക്ക് എത്തിപ്പെട്ടത്.
സമൂഹത്തിൻ്റെ നിലനിൽപ്പ് തന്നെ മനുഷ്യർ നിർമ്മിച്ച ആശയങ്ങളുടെ അടിസ്ഥാനത്തിലാണെന്നു കാണാൻ സാധിക്കും. ഗ്രീക്ക് തത്വചിന്തകരായ സോക്രട്ടീസ്, പ്ലേറ്റോ, അരിസ്റ്റോട്ടിൽ എന്നിവരുടെ ആശയങ്ങൾ, ബൈബിളിലെ ആശയങ്ങൾ, ഇതിഹാസങ്ങൾ, കമ്യൂണിസ്റ്റ് ആശയങ്ങൾ കാലം എത്ര കടന്നുപോയിട്ടും മനുഷ്യരെ സ്വാധീനിക്കുന്നു. അതുപോലെ മനുഷ്യരെ സ്വാധീനിച്ച മറ്റോന്നാണ് കലകൾ. സമൂഹത്തെ പുരോഗമന സമൂഹമായി മാറ്റുന്നതിൽ കലകൾക്ക് വലിയ പങ്കുണ്ട്.
ചരിത്രം പരിശോധിച്ചാൽ സമൂഹത്തിൻ്റെ മുന്നോട്ടുള്ള പ്രയാണത്തെ തടസ്സം സൃഷ്ട്ടിക്കുന്ന ഇടപെടലുകൾ ഉണ്ടായിട്ടുള്ളത് മനസ്സിലാക്കുവാൻ കഴിയും. അതു പലപ്പോഴും മതത്തിൻ്റെ ചട്ടക്കൂടിൽ നിന്നും ജനങ്ങൾ പുറത്ത് കടക്കാതിരിക്കാൻ ആയിരിക്കാം. പിന്നീട് അന്ധവിശ്വാസങ്ങളും, അനാചാരങ്ങളും ഉടലെടുത്തു. ഇതോടുകൂടി ഇത്തരത്തിലുള്ള വിശ്വാസങ്ങളിലൂടെ, ജനത്തെ അവരുടെ ഇങ്കിതങ്ങൾക്ക് അനുസരിച്ച് ഉപയോഗപ്പെടുത്താം എന്ന് അവർ തിരിച്ചറിഞ്ഞു. പുരോഗതിയിലേക്ക് കടന്നുപോകേണ്ട സമൂഹത്തെ അധോഗത്തിയിലേക്ക് മാറ്റുന്നതിനും സ്ഥാപിതതാൽപര്യങ്ങൾ സംരക്ഷിക്കുന്നതിനും മതസ്പർദ്ധ വളർത്തുന്നതിനും ഇത് ഇടയാക്കും.
സതി എന്ന അനാചാരത്തിന് ഇരകളായ സ്ത്രീകൾ തന്നെ വൻതോതിൽ അതിനെതിരെ പ്രകടനം നടത്തിയത്. കേരളത്തിൽ അയ്യൻകാളി പഞ്ചമി എന്ന പെൺകുട്ടിയുമായി വിദ്യാലയ പ്രവേശനത്തിനായി ചെന്നതിൻ്റെ പേരിൽ സവർണ്ണ മേധാവികൾ ആ വിദ്യാലയം അഗ്നിക്കിരയാക്കി. മലയാളത്തിലെ ആദ്യ സിനിമ നായിക പി.കെ റോസി നായർ സ്ത്രീയായി അഭിനയിച്ചതിന് സിനിമ തിയേറ്റർ കത്തിക്കുകയും നായികയ്ക്ക് പ്രാണരക്ഷാർത്ഥം ഓടിപോകേണ്ടിയും വന്നു. വേടൻ റാപ്പ് സംഗീതം ആലപിച്ചപ്പോൾ ദളിതൻ തനത് കലയിലല്ലെ പടേണ്ടത്? റാപ്പ് പോലെയുള്ള സംഗീതം പടേണ്ടതുണ്ടോ എന്ന ധ്വനിയാണ് പുറത്തുവന്നത്. സുംബ ഡാൻസ് സ്കൂളുകളിൽ ലഹരിക്കെതിരായി നടത്താൻ സർക്കാർ നിശ്ചയിച്ചപ്പോൾ അതിനെതിരെ ശക്തമായ പ്രതിരോധവുമായി വന്നതും നാം കണ്ടതാണ്. ഇതെല്ലാം ചൂണ്ടിക്കാണിക്കുന്നത് പുരോഗമന ആശയങ്ങളോട് മുഖം തിരിച്ചുനിൽക്കുന്നവർ എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട് എന്നതാണ്. ഇതിനെ എല്ലാകാലത്തും പ്രതിരോധം തീർക്കുന്നത്തിൽ കലകൾക്ക് വലിയ പങ്കുണ്ട്.
കലകളിൽ ഏറ്റവും പ്രാചീനമായ കല ഫോക് സംഗീതം ആണെന്ന് കരുതാം. ഈ കലാരൂപം ഉടലെടുക്കുന്നതുതന്നെ അതികഠിനമായ തൊഴിൽ എടുക്കുന്നതിൽ നിന്നുള്ള ആയാസം അകറ്റുന്നതിനും തൊഴിൽ ചൂഷണങ്ങളോടുള്ള പ്രതിരോധം തീർക്കുന്നതിനുമായാണ്. ഇത്തരം കലകളിൽ നിന്നാണ് പുതിയ കലകൾ രൂപപ്പെട്ടത്. സമൂഹത്തിൽ ഉണ്ടായിട്ടുള്ള ഏതുതരം കലകൾ ആകട്ടെ അതു മനുഷ്യൻ്റെ ചിന്തകളെ ഉദ്ദീപിപ്പിക്കുന്നതിനും ഐക്യപ്പെടുത്തുന്നതിനും കലകൾ വലിയ പങ്കു വഹിക്കുന്നു.
1970 കളിൽ ന്യൂയോർക്ക് നഗരത്തിലെ ബ്രോകസിൽ രൂപം കൊണ്ടതാണ് റാപ്പ് സംഗീതം വംശീയത, ദാരിദ്ര്യം അടിച്ചമർത്തൽ ഇതിനോടുള്ള പ്രതിരോധമാണ് റാപ്പ് സംഗീതത്തിന്റെ കാതൽ. വേടൻ എന്ന റാപ്പർ ‘സമത്വം’ എന്ന ആശയത്തെ മുൻനിർത്തി കൊണ്ട് സമൂഹത്തിൽ നേരിടുന്ന തിന്മകൾക്ക് എതിരായി സംഗീതം. ഒഴുക്കിയപ്പോൾ ആക്ഷേപിച്ചുകൊണ്ട് സമൂഹത്തിൽ ഉയർന്നു വരുന്നവരുടെ ലക്ഷ്യം എന്താണ്? ഒരു കലാകാരന്റെ ആവിഷ്കാര സ്വാതന്ത്ര്യത്തിനു മേൽ കടന്നു കയറ്റം നടത്തിക്കൊണ്ട് കഴിഞ്ഞകാല മാമൂലുകളെ തിരികെ പിടിക്കാനുള്ള ശ്രമം അപകടകരമാണ്.. കലകൾ എല്ലാകാലത്തും മനുഷ്യനെ ഒന്നിപ്പിച്ചിട്ടേ ഉള്ളൂ ഭിന്നിപ്പിച്ചിട്ടില്ല.