ലേഖനം
ജനാധിപത്യത്തിൽ ഫാസിസത്തിൻ്റെ ജീനുണ്ട് എന്ന് വിലയിരുത്തിയത് ഫാസിസത്തിൻ്റെ ഫിലോസഫർ എന്ന് മുസോളിനി വിളിച്ച ജിയോണി ജെൻ്റയിലാണ്.മുസ്സോളനിയെ ജനക്കൂട്ടം തെരുവിൽ തല്ലിക്കൊന്നു വിളക്കുക്കാലിൽ കെട്ടിത്തൂക്കിയതിനുശേഷവും ഇറ്റാലിയൻ ജനതയെ ദുർവിധിയിലാഴ്ത്തിയ ഫാസിസത്തെ ന്യായീകരിച്ച ജെൻ്റയിലിനെ ഇറ്റലിക്കാർ കല്ലെറിഞ്ഞു കൊല്ലുകയായിരുന്നു.
എങ്ങനെയാണ് ഫാസിസത്തിൻ്റെ ജീൻ ജനാധിപത്യത്തിൽ പ്രവർത്തിക്കുന്നത്? ശക്തനായ നേതാവ്,ഭരണാധികാരി എന്നൊരു രക്ഷക സങ്കല്പം ജനങ്ങളിൽ സമ്മതിയായി നിർമ്മിച്ച് അതൊരു രാഷ്ട്രീയ-സാമൂഹിക-ഭരണാധികാരമായി യാഥാർത്ഥ്യമാക്കാനായാൽ ഉറപ്പിക്കാം അന്നാട്ടിൽ ഫാസിസമായി എന്ന്.
ഫാസിസം അധികാരം ഉറപ്പിച്ച ഈ ചരിത്രയാഥാർത്ഥ്യത്തിൽ നിന്നാണ് ഹാർവാർഡ് യൂണിവേഴ്സിറ്റിയിലെ പൊളിറ്റിക്കൽ സയൻ്റിസ്റ്റുകളായ സ്റ്റീവൻ ലെവിറ്റ്സ്കിയും ഡാനിയേൽ സിബ്ലാറ്റും ചേർന്നെഴുതിയ How Democracies Die എന്ന പുസ്തകത്തിൽ ആശയലോകം വികസിക്കുന്നത് പുസ്തകത്തിൻ്റെ തലക്കെട്ടിനെ മാത്രമല്ല,ഉള്ളടക്കത്തെ നിർവചിക്കുകയും പൂരിപ്പിക്കുകയും ചെയ്യുന്നു.അങ്ങനെ What history reveals about our future എന്ന വാക്യത്തിലൂടെ.
മുസ്സോളിനി ഇറ്റലിയിൽ,ഹിറ്റ്ലർ ജർമ്മിനിയിൽ ഫ്യൂജിമോറി പെറുവിൽ,ഹ്യൂഗോ ഷാവോസ് വെനിസ്വേലയിൽ,പെറൻ അർജൻ്റീനയിൽ,പിനാഷെ ചിലിയിൽ,പുട്ടിൻ റഷ്യയിൽ,എർദോഗാൻ തുർക്കിയിൽ,ഓർബൻ ഹംഗറിയിൽ(അതേസമയം മോദിയുടെ ഇന്ത്യയെക്കുറിച്ച് പരാമർശമില്ല)അങ്ങനെ സർവ്വാധികാരികൾ എങ്ങനെ വന്നു ജനാധിപത്യത്തെ അട്ടിമറിച്ചുകൊണ്ട് അധികാരത്തിൽ,ഈ പുസ്തകത്തിൽ എന്നതുപോലെ നമ്മുടെ മുന്നിലുള്ള ചരിത്രമാണ്.ആ ചരിത്രമാണ് ഇപ്പോഴുത്തെ നമ്മുടെ ഭാവിയെക്കുറിച്ച് ആകുലത സൃഷ്ടിക്കുന്നത്.ഈ ചരിത്രമാണ് അധികാരത്തെ തന്നിൽ കേന്ദ്രീകരിച്ചു നിർത്തുന്നതിന് ജനാധിപത്യത്തിലൂടെ അധികാരത്തിൽ വരുന്നവരെ പഠിപ്പിക്കുന്നത്.ഈ ചരിത്രത്തിൽ നിന്നാണ് ഡൊണാൾഡ് ട്രംപ് പഠിച്ചത്,അമേരിക്കയെ എങ്ങനെയാണ് സ്വന്തം വരുതിയിൽ നിർത്താമെ്ന്ന്,ആയതിനാൽ നിശ്ചയമായും ഈ പുസ്തകം അമേരിക്കൻ പശ്ചാത്തലത്തിൽ നിന്നുകൊണ്ട് ജനാധിപത്യത്തെക്കുറിച്ചുള്ള ആകുലതയാണ്.Elected Autocracy ആണ് ജനാധിപത്യത്തിൻ്റെ ശത്രു.ജനാധിപത്യം തന്നെ Elected Autocracy ആയി മാറുന്നു.
ചരിത്രം പഠിച്ചാലറിയാം പെട്ടന്നൊരുന്നാൾ സംഭവിച്ചതല്ല ജനാധിപത്യത്തിലൂടെയുള്ള ഫാസിസത്തിൻ്റെ വരവ്.
ഇറ്റലിയിൽ പൊളിറ്റിക്കൽ ഔട്ട്സൈഡറായിരുന്നു മുസ്സോളിനിയും അദ്ദേഹത്തിൻ്റെ പാർട്ടിയും.532 അംഗങ്ങളുള്ള പാർലമെൻ്റിൽ വെറും 35 അംഗങ്ങൾ മാത്രമുള്ള പാർട്ടിയായിരുന്നു മുസ്സോളിനിയുടെ പാർട്ടി.ഒന്നാം ലോക യുദ്ധാനന്തരം രാജ്യത്താകെ ആഭ്യന്തര അസ്വസ്ഥതകളായിരുന്നു.വ്യവസ്ഥാപിത രാഷ്ട്രീയ പാർട്ടികളിൽ ഭിന്നത രൂക്ഷമായിരുന്നു.മുസ്സോളിനിയുടെ സായുധ സംഘം കരിങ്കുപ്പായക്കാർ ഉണ്ടാക്കുന്ന അസ്വസ്ഥതകൾ വേറെയും.ഇറ്റലിക്കാവശ്യമുണ്ട് രക്ഷകനെ എന്ന സമ്മതി നിർമ്മിച്ചെടുത്തു.ഇറ്റലിയുടെ ഭരണാധികാരം നിയന്ത്രിക്കാൻ രാജാവ് മുസ്സോളിനിയെ ക്ഷണിക്കുകയായിരുന്നു.532 അംഗങ്ങളുള്ള പാർലമെൻ്റിൽ വെറും35 അംഗങ്ങൾ മാത്രമുള്ള പാർട്ടിയുടെ നേതാവ് അങ്ങനെ ഇറ്റലിയുടെ ഭരണാധികാരിയായി.ജനാധിപത്യം നാട്യമാണെന്ന്നുണയാണെന്ന് പ്രഖ്യാപിക്കാൻ മുസ്സോളിനിക്ക് അധിക സമയം വേണ്ടിവന്നില്ല..
ഭരണകൂടത്തെ അട്ടിമറിക്കാൻ ശ്രമിച്ചത്തിൻ്റെ പേരിൽ തടവറയിലായ ഹിറ്റ്ലർ പിന്നീടാണ് ജനാധിപത്യത്തിൻ്റെ വഴിയിൽ വരുന്നത്.ജയിലിൽ കിടന്ന കാലത്താണ് മെയിൻ കാഫ് എന്ന ആത്മകഥയെഴുതിയത്.ജൂതന്മാർക്കും കമ്മ്യൂണിസ്റ്റുകൾക്കും എതിരെ വെറുപ്പ് പടർത്തിയ ഹെൻ്റി ഫോർവേഡിൻ്റെ ആരാധകനായിരുന്നു ഹിറ്റ്ലർ.1928ലെ ഇലക്ഷനിൽ 2.8 ശതമാനം വോട്ട് മാത്രം കിട്ടിയ ഹിറ്റ്ലറുടെ പാർട്ടി 1932 ആയപ്പോഴേക്കും വളർന്നു.അപ്പോഴും ജർമ്മിനി ഹിറ്റ്ലറെ പൊളിറ്റിക്കൽ ഔട്ട്സൈഡറായി മാത്രം കണ്ടു.അകത്തു കയറ്റിയില്ല.ചാൻസലറായി നിയമിച്ചുകൊണ്ട് അകത്തു കയറ്റിയത് പ്രസിഡൻ്റ് ഹിൻഡൻ ബെർഗാണ്.അങ്ങനെ ഹിൻഡൻബെർഗ് വംശീയ പ്രത്യയശാസ്ത്രമായ നാസിസത്തിൻ്റെ പൊളിറ്റിക്കൽ ഇൻസൈഡറായി.ജർമ്മൻ ജനതയുടെ തെരഞ്ഞെടുപ്പായിരുന്നില്ല.അധികാരമേറ്റ ആദ്യ ആഴ്ചയിൽ പാർലമെൻ്റിൽ തീപിടുത്തം,ഉടനെ പ്രതിയെ കണ്ടെത്തി,ഡച്ച് കമ്മ്യൂണിസ്റ്റുകാരൻ.ആ തീപിടുത്തം ഹിറ്റ്ലറുടെ നിർമ്മിതിയായിരുന്നു.എന്ന സംശയം ബലപ്പെടുത്തുന്നതായിരുന്നു.പിന്നീട് നടന്ന കമ്മ്യൂണിസ്റ്റു വേട്ട.ഹിൻഡൻ ബെർഗ് മരിച്ചതോടെ ജർമ്മിനിയുടെ അധികാരംഹിറ്റ്ലറിൽ കുമിഞ്ഞുകൂടി.
സ്വീഡനിലെ നോബൽ സമ്മാന ജേതാവായ ഗുണാർ മിർദാൽ അമേരിക്കയെക്കുറിച്ച് അവതരിപ്പിച്ച അമേരിക്കൻ ക്രീഡ് എന്നൊരു സംജ്ഞയുണ്ട്.അദ്ദേഹം രണ്ടു മൂല്യങ്ങളെക്കുറിച്ച് പറയുന്നു.വ്യക്തി സാതന്ത്ര്യം,തുല്യതാ വാദം.
ഈ രണ്ടു മൂല്യങ്ങൾ അമേരിക്ക സ്വയം ന്യായീകരിക്കുന്ന മൂല്യങ്ങളാണ്,സ്വയം നടപ്പിലാക്കുന്ന മൂല്യങ്ങളല്ല.
അതുകൊണ്ട് ഭരണകൂടത്തിന് ഉത്തരവാദിത്തമില്ല ഈ മൂല്യങ്ങളിൽ അമേരിക്ക എന്ന ആശയത്തിന് ഈ മൂല്യങ്ങൾ ആവശ്യമാണ് താനും.അതേ സമയം അമേരിക്കൻ ജനാധിപത്യത്തിൽ നടപടിക്രമം പോലെ പ്രവർത്തിക്കുന്ന രണ്ടു തത്വങ്ങളുണ്ട്.1,സ്ഥാപനപരമായ സംയമനം,2,പരസ്പരമുള്ള സഹിഷ്ണുത.ഈ തത്വങ്ങളിലാണ് അമേരിക്കൻ ജനാധിപത്യത്തിൻ്റെ അടിത്തറ.അമേരിക്കൻ രാഷ്ട്രീയക്കാർ എങ്ങനെ പെരുമാറണമെന്നും ഭരണഘടനാ സ്ഥാപനങ്ങൾ എങ്ങനെ സംവിധാനം ചെയ്യണമെന്നും നിഷ്ക്കർഷിക്കുന്നത് ഈ തത്വങ്ങളാണ്.നിർഭാഗ്യവശാൽ ആ തത്വങ്ങൾ ഇന്നിപ്പോൾ അമേരിക്കയിൽ പ്രവർത്തിക്കുന്നില്ല.ആ സാഹചര്യത്തിൻ്റെ അനിവാര്യതയാണ് ഡൊണാൾഡ് ട്രംപ് എന്ന അമേരിക്കൻ പ്രസിഡൻ്റ്.
റിപ്പബ്ലിക്കൻ പാർട്ടി അങ്ങേയറ്റം യാഥാസ്ഥിതികമാണിന്ന്.താരതമ്യേന പുതിയ കാലത്തോട് ആഭിമുഖ്യം പുലർത്തുന്നത് ഡെമോക്രാറ്റുകളാണ് കുടിയേറ്റക്കാരോട്,ലൈംഗിക-വംശീയ ന്യൂനപക്ഷങ്ങളോടൊക്കെ തുലോം പുരോഗമന നിലപാടാണ് ഡെമോക്രാറ്റുകളുടേത്.യാഥാസ്ഥിതികരായ അമേരിക്കക്കാർ ഇതംഗീകരിക്കുന്നില്ല.അവർക്ക് പ്രിയം റിപ്പബ്ലിക്കൻ പാർട്ടിയാണ്.
റിപ്പബ്ലിക്കന്മാരുടെ മുദ്രാവാക്യങ്ങളിലുണ്ട് അപരവിദ്വേഷം.യഥാർത്ഥ അമേരിക്കക്കാർ,നമ്മുടെ രാജ്യത്തെ തിരിച്ചു പിടിക്കും,അമേരിക്കയെ മഹത്തായ രാജ്യമാക്കും എന്നീ മുദ്രാവാക്യങ്ങളിലൂടെ ഞങ്ങളും നിങ്ങളും എന്ന വിഭജനം സൃഷ്ടിക്കുന്നു.യഥാർത്ഥത്തിൽ ആരാണി ഞങ്ങൾ അമേരിക്കയിൽ.

പികെ ഗണേശൻ
Discover more from Akshara Magazine
Subscribe to get the latest posts sent to your email.

